[www.keralites.net] സന്നിധാനത്തു വിവാദം 'കത്തുന്നു'

 

ഇന്നലെയും നക്ഷത്രം, അടിവാരത്തു വിളക്ക്‌; സന്നിധാനത്തു വിവാദം 'കത്തുന്നു'

 

ശബരിമല: മകരസംക്രമദിനം ഇന്നലെയോ ഇന്നോ? ദേവസ്വം ബോര്‍ഡും ജ്യോതിഷികളും തമ്മില്‍ തര്‍ക്കം നിലനില്‍ക്കേ സന്നിധാനത്ത്‌ ഇന്നലെ വൈകിട്ട്‌ അപ്രതീക്ഷിത അതിഥിയായി ഒരു നക്ഷത്രമുദിച്ചു.

തൊട്ടുപിന്നാലെ എല്ലാവരെയും ഞെട്ടിച്ച്‌ പൊന്നമ്പലമേടിന്റെ വടക്കുമാറി രണ്ടുതവണ പ്രകാശം തെളിഞ്ഞു.

ദര്‍ശിച്ചതു മകരജ്യോതിയാണെന്നു തെറ്റിദ്ധരിച്ച്‌ തീര്‍ഥാടകര്‍ മലയിറങ്ങാന്‍ തുടങ്ങിയതോടെ അബദ്ധം മനസിലായ ദേവസ്വം ബോര്‍ഡ്‌ വിവിധ ഭാഷകളില്‍ അറിയിപ്പു നല്‍കി അയ്യപ്പന്‍മാരെ തിരിച്ചുവിളിച്ചു. സംഭവം അട്ടിമറിയാണോയെന്ന്‌ അന്വേഷിക്കാന്‍ പോലീസും ദേവസ്വം ബോര്‍ഡും ഉത്തരവിട്ടു.

ഇന്നലെ വൈകിട്ട്‌ അഞ്ചോടെയാണു നക്ഷത്രം ഉദിച്ചത്‌. ദീപാരാധനയ്‌ക്കുശേഷം രാത്രി ഏഴോടെ പൊന്നമ്പലമേട്ടില്‍നിന്നു വടക്കുമാറി അടിവാരത്ത്‌ രണ്ടുതവണ പ്രകാശം തെളിഞ്ഞു. ആദ്യം തെളിഞ്ഞ പ്രകാശം 20 സെക്കന്‍ഡ്‌ നീണ്ടുനിന്നു.

നക്ഷത്രം തെളിഞ്ഞപ്പോള്‍തന്നെ പാണ്ടിത്താവളത്തു ഭക്‌തര്‍ കൂടിയിരുന്നു. പ്രകാശംകൂടി കണ്ടതോടെ അവിടെയും മാളികപ്പുറത്തെ നടപ്പന്തലിലും ഭക്‌തര്‍ ശരണം വിളിച്ചു. തുടര്‍ന്ന്‌ ഇവര്‍ മലയിറങ്ങാന്‍ തിടുക്കം കൂട്ടിയപ്പോഴാണു തെളിഞ്ഞതു മകരജ്യോതിയല്ലെന്ന അറിയിപ്പ്‌ വിവിധ ഭാഷകളില്‍ ഉണ്ടായത്‌.

മാളികപ്പുറം ക്ഷേത്രത്തിനു നേരേയാണു നക്ഷത്രം തെളിഞ്ഞത്‌. രാത്രി 7.15 വരെ നക്ഷത്രം അങ്ങനെതന്നെ നിന്നു. മകരസംക്രമദിനത്തിന്റെ പേരില്‍ ജ്യോതിഷികളും തന്ത്രിസമാജവും ദേവസ്വം ബോര്‍ഡും തമ്മില്‍ തര്‍ക്കമുണ്ടായിരുന്നു. 14-നാണ്‌ മകരസംക്രമമെന്നു കാണിപ്പയ്യൂര്‍ കൃഷ്‌ണന്‍ നമ്പൂതിരി അടക്കമുള്ള ജ്യോതിഷികള്‍ വെളിപ്പെടുത്തിയതിനെ തന്ത്രിസമാജവും യോഗക്ഷേമസഭയും സ്വാഗതം ചെയ്‌തു.

എന്നാല്‍ ഇന്നാണു മകരസംക്രമമെന്ന നിലപാടിലായിരുന്നു ദേവസ്വം ബോര്‍ഡ്‌. ഇന്നു പുലര്‍ച്ചെ 12.59-നായിരുന്നു മകരസംക്രമപൂജ. പൊന്നമ്പലമേട്ടില്‍ പോലീസ്‌ പരിശോധനയ്‌ക്കിടെ തെളിച്ച സേര്‍ച്ച്‌ ലൈറ്റാണ്‌ മകരദീപമാണെന്നു തെറ്റിദ്ധരിച്ചതെന്നും പ്രചാരണമുണ്ടായി.

പ്രകാശം തെളിഞ്ഞതു പൊന്നമ്പലമേട്ടില്‍ അല്ലെന്നു ദേവസ്വം ബോര്‍ഡ്‌ പ്രസിഡന്റ്‌ അഡ്വ. എം.രാജഗോപാലന്‍നായര്‍ പറഞ്ഞു. പൊന്നമ്പലമേട്ടില്‍ ഇക്കുറി പോലീസിന്റെ കടുത്ത നിരീക്ഷണം ഉണ്ടായിരുന്നു.

മറ്റു മലകളുടെ അടിവാരത്ത്‌ ആര്‍ക്കെങ്കിലും കയറാന്‍ കഴിഞ്ഞോയെന്ന്‌ അന്വേഷണത്തിലൂടെയേ വ്യക്‌തമാകൂ.

പൊന്നമ്പലമേട്‌ എവിടെയാണെന്നു ബോര്‍ഡിന്‌ വ്യക്‌തമായ രേഖയുണ്ട്‌. 99-ല്‍ പൊന്നമ്പലമേട്ടില്‍ ദീപാരാധന നടത്തുന്ന ഭാഗത്ത്‌ കോണ്‍ക്രീറ്റ്‌ തറയുണ്ടാക്കിയിട്ടുണ്ട്‌. അതിന്‌ ചുറ്റും മരങ്ങള്‍ ഇല്ലെന്നും പ്രസിഡന്റ്‌ അറിയിച്ചു.

സംഭവത്തെക്കുറിച്ച്‌ അന്വേഷിക്കാന്‍ ഇടുക്കി എസ്‌.പി. ജോര്‍ജ്‌ വര്‍ഗീസിനെയും പത്തനംതിട്ട എസ്‌.പി: കെ.കെ. ബാലചന്ദ്രനെയും ചുമതലപ്പെടുത്തിയതായി ശബരിമല ചീഫ്‌ കോര്‍ഡിനേറ്റര്‍ എ.ഡി.ജി.പി: പി. ചന്ദ്രശേഖരന്‍ പറഞ്ഞു.


www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
MARKETPLACE

Stay on top of your group activity without leaving the page you're on - Get the Yahoo! Toolbar now.

.

__,_._,___